ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള കറൻസി, വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തണമെന്ന് നിർദ്ദേശം

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള പണം, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശം നൽകി. 2022 ജൂൺ 7-ന് വൈകീട്ടാണ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

തങ്ങളുടെ വിമാനങ്ങളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും ഇക്കാര്യം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആവശ്യപ്പെട്ടു കൊണ്ട് വ്യോമയാന വകുപ്പ് ഖത്തറിൽ സർവീസ് നടത്തുന്ന വിമാനകമ്പനികൾക്കായി ഒരു പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഖത്തറിൽ നിന്ന് മടങ്ങുന്ന യാത്രികരും ഈ നിർദ്ദേശം പാലിക്കേണ്ടതാണ്.

ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, ഖത്തറിലേക്ക് പ്രവേശിക്കുകയും, ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുകയും ചെയ്യുന്ന മുഴുവൻ യാത്രികരും താഴെ പറയുന്ന നിർദ്ദേശം പാലിക്കേണ്ടതാണ്:

  • ഇത്തരം യാത്രികർ തങ്ങളുടെ കൈവശം 50000, അല്ലെങ്കിൽ അതിന് മുകളിൽ ഖത്തർ റിയാൽ (അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസി) മൂല്യമുള്ള കറൻസി നോട്ടുകൾ, കൈമാറ്റം ചെയ്യാവുന്ന ബോണ്ടുകൾ പോലുള്ള രേഖകൾ, സ്വർണ്ണം, വെള്ളി മുതലായ ലോഹങ്ങൾ, രത്‌നം ഉൾപ്പടെയുള്ള വിലമതിക്കാനാവാത്ത കല്ലുകള്‍ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തേണ്ടതാണ്.
  • ഇത്തരം വസ്തുക്കൾ വെളിപ്പെടുത്തുന്നതിനായി യാത്രികർ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് കസ്റ്റംസ് അധികൃതരെ ഏല്പിക്കേണ്ടതാണ്.

ഡിക്ലറേഷൻ ഫോം നൽകാതിരിക്കുന്നതും, അവയിൽ വ്യാജമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതും നിയമനടപടികളിലേക്ക് വഴിതെളിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ മേഖലയിൽ (അറൈവൽ, ഡിപ്പാർച്ചർ) നിന്ന് ഈ ഡിക്ലറേഷൻ ഫോം ലഭ്യമാണ്.