മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. 2023 മാർച്ച് 30-ന് രാത്രിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇതാ സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഇരുരാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച വിവരങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ച് വരുന്നതായി അധികൃതർ വ്യക്തമാക്കി. ഈ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഒഴിവാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി.
ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ താഴെ പറയുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു:
- പനി, പേശികളിലെ വേദന, തൊലിപ്പുറത്ത് തിണർപ്പ് മുതലായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.
- ഇത്തരം ഇടങ്ങളിൽ നിന്ന് മറ്റുള്ളവരുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
- ‘ഫ്രൂട്ട് ബാറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന വർഗത്തിലുള്ള വവ്വാലുമായി സമ്പർക്കത്തിനിടയാകരുതെന്നും, ഇവ അധിവസിക്കുന്ന ഗുഹകൾ, ഖനികൾ എന്നിവിടങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
- ചിമ്പാൻസി, ഗൊറില്ല മുതലായ മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.
- ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഒമാനിലെത്തുന്ന യാത്രികർ അവർക്ക് പനി, തൊണ്ടവേദന, വയറിളക്കം, ഛർദി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള ആരോഗ്യ പരിചരണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയോ, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി സ്വയം ഐസൊലേഷനിൽ തുടരുകയോ ചെയ്യേണ്ടതാണ്. ഇവർ മാർബർഗ് വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിലൂടെ യാത്ര ചെയ്ത വിവരം ആരോഗ്യ പരിചരണ മേഖലയിലെ അധികൃതരെ അറിയിക്കേണ്ടതാണ്.