ഒമാൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ മൂന്നാം ഡോസ് കുത്തിവെപ്പ് നൽകി തുടങ്ങി

GCC News

രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ മൂന്നാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഡിസംബർ 13, തിങ്കളാഴ്ച്ച മുതൽ ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 13-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ നൽകാൻ തീരുമാനിച്ചതായി 2021 ഡിസംബർ 12-ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടി ആരംഭിച്ചിരിക്കുന്നത്.

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം പൂർത്തിയാക്കിയ, പതിനെട്ട് വയസ്സും, അതിനുമുകളിലും പ്രായമുള്ള, മുഴുവൻ പേർക്കും മൂന്നാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുമെന്നും, ഈ നടപടി തിങ്കളാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേരും കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

ആഗോള തലത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനം അറിയിച്ചത്.

അതേസമയം, COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം 2021 ഡിസംബർ 13, തിങ്കളാഴ്ച്ച അറിയിച്ചിട്ടുണ്ട്.