ഹോം ഐസൊലേഷൻ നിർദ്ദേശം ലഭിച്ച കൊറോണ വൈറസ് ബാധിതർ പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ ഒമാൻ ആരോഗ്യ മന്ത്രാലയം പങ്ക് വെച്ചു. ജൂലൈ 30, വ്യാഴാഴ്ച്ച, ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ മാനദണ്ഡങ്ങൾ അറിയിച്ചിട്ടുള്ളത്.
ഹോം ഐസൊലേഷനുമായി ബന്ധപ്പെട്ട് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ:
- ടോയ്‌ലറ്റ് സൗകര്യത്തോട് കൂടിയ, ശുദ്ധവായു പ്രവേശിക്കുന്ന ഒറ്റമുറിയിൽ താമസിക്കണം. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനല്ലാതെ മുറികളിൽ നിന്ന് പുറത്തിറങ്ങരുത്.
- ഐസൊലേഷനിലുള്ള വ്യക്തിയുടെ പരിചരണങ്ങൾക്കായി ഒരു കുടുംബാംഗത്തെ മാത്രം ഏർപ്പെടുത്തുക.
- പരിചരിക്കുന്നവർ രോഗിയുമായി ഇടപഴകാനിടവരുന്ന സാഹചര്യങ്ങളിൽ സർജിക്കൽ മാസ്കുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കയ്യുറകൾ എന്നിവ ധരിക്കേണ്ടതാണ്. ഇവ ആവശ്യം കഴിഞ്ഞ ഉടനെ നശിപ്പിക്കേണ്ടതും, കൈകൾ വെള്ളം, സോപ്പ് എന്നിവ ഉപയോഗിച്ച് ശുചിയാക്കേണ്ടതുമാണ്.
- പുറമെ നിന്നുള്ളതോ, കുടുംബത്തിൽ നിന്നുള്ളതോ ആയ സന്ദർശകരെ അനുവദിക്കരുത്.
- കൈകൾ ഇടയ്ക്കിടെ ശുചിയാക്കണം.
- പാത്രങ്ങൾ, ഗ്ലാസുകൾ, ടവൽ മുതലായവ പങ്കിട്ട് ഉപയോഗിക്കരുത്. ഐസൊലേഷനിലുള്ള വ്യക്തിക്കായി ഇത്തരം ഉപകരണങ്ങൾ പ്രത്യേകമായി നൽകേണ്ടതാണ്.
- ഐസൊലേഷനിലുള്ള മുറി, ഐസൊലേഷനിലുള്ള വ്യക്തി തന്നെ ശുചിയായി സൂക്ഷിക്കേണ്ടതാണ്.
- ഐസൊലേഷനിലുള്ള വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ഒരു കാരണവശാലും മറ്റുള്ളവരുടെ വസ്ത്രങ്ങളുടെ കൂടെ കഴുകിവൃത്തിയാക്കാൻ ഇടയാകരുത്.
- ഹോം ഐസൊലേഷൻ കാലാവധി 14 ദിവസമാണ്. രോഗബാധിതന്റെ ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കാതെ ഒരു കാരണവശാലും ഐസൊലേഷൻ അവസാനിപ്പിക്കരുത്.
- ആരോഗ്യ പരിചരണത്തിനായുള്ള മെഡിക്കൽ പ്രവർത്തകർ സന്ദർശിക്കുന്ന വേളയിലും, ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വേളയിലും ഐസൊലേഷനിലുള്ള വ്യക്തി സർജിക്കൽ മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
ഐസൊലേഷൻ വ്യവസ്ഥകളിൽ വീഴ്ചകൾ വരുത്തുന്നത് ഒമാനിലെ പകർച്ച വ്യാധി നിയമം ’32/2020′ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യപ്പെടാവുന്ന കുറ്റമാണ്.