ഈദുൽ അദ്ഹ: ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

GCC News

ഈദുൽ അദ്ഹ വേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2022 ജൂലൈ 7-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിലവിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഒരു നിർദ്ദേശം. സ്വന്തം സുരക്ഷ മുൻനിർത്തിയും, സമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തിയും ഈദുൽ അദ്ഹ വേളയിൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്:

  • ഈദുൽ അദ്ഹ വേളയിൽ സംഘടിപ്പിക്കുന്ന സാമൂഹിക ചടങ്ങുകൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം.
  • തുമ്മുന്ന അവസരത്തിലും, ചുമയ്ക്കുമ്പോഴും പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
  • ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ ഒത്ത് ചേർന്നുള്ള ഈദ് പ്രാർത്ഥനകളിൽ നിന്നും, കുടുംബസംഗമങ്ങളിൽ നിന്നും വിട്ട് നിൽക്കേണ്ടതാണ്.