ഈദുൽ അദ്ഹ ആദ്യദിനം പ്രഖ്യാപിക്കുന്നതിനായി രാജ്യത്തെ പ്രധാന ചാന്ദ്രനിരീക്ഷണ കമ്മിറ്റി ജൂലൈ 10, ശനിയാഴ്ച്ച വൈകീട്ട് യോഗം ചേരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു. ജൂലൈ 9-ന് രാത്രി ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂലൈ 10-ന് വൈകീട്ട് ദുൽ ഹജ്ജ് മാസപ്പിറവി കണ്ടെത്തുന്നതിനായി രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സഹകരണം ഔകാഫ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തരുതെന്നും MERA അറിയിപ്പിൽ വ്യക്തമാക്കുന്നു.
മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, 2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് സൗദി അറേബ്യയിലെ സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്. ഇതിനാൽ 2021-ലെ ഈദുൽ അദ്ഹ ജൂലൈ 20-നായിരിക്കുമെന്നും സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്.