ഒമാൻ: VAT നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ്

Oman

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് അറിയിച്ചു. നിലവിലെ 5 ശതമാനം VAT തുടരുമെന്നും, ഇപ്പോൾ ഇത് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോച്ചിട്ടില്ലെന്നും ഒമാൻ ധനകാര്യ വകുപ്പ് മന്ത്രി H.E. സുൽത്താൻ ബിൻ സലിം അൽ ഹബ്സി വ്യക്തമാക്കി.

2021 ഡിസംബർ 12-ന് നടന്ന അടുത്ത വർഷത്തെ ദേശീയ ബഡ്ജറ്റിനെക്കുറിച്ചുള്ള ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അടുത്തിടെ അംഗീകാരം നൽകിയ സാഹചര്യത്തിലാണ് ഒമാൻ ധനകാര്യ വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

“ഏതാനം രാജ്യങ്ങൾ VAT നിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഒമാനിലെ അഞ്ച് ശതമാനം VAT നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് സർക്കാർ നിലവിൽ ആലോചിക്കുന്നില്ല.”, അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. അടുത്ത വർഷം മുതൽ ഉയർന്ന വരുമാനക്കാർക്ക് ഇൻകം ടാക്സ് ഏർപ്പെടുത്തുന്നതിന് ഒമാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.