ഒമാൻ: ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് COVID-19 വാക്സിനേഷൻ മുൻ‌കൂർ ബുക്കിംഗിനും മറ്റുമായി ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ മൊബൈൽ സേവനദാതാക്കൾ ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 16-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/OmaniMOH/status/1427201473142743041

‘Tarassud Plus’ ആപ്പ് ഉപയോഗത്തിന് ഡാറ്റ ചാർജ് ഒഴിവാക്കുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒമാൻടെൽ, ഒരീഡോ എന്നീ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ, രാജ്യത്ത് ‘Tarassud Plus’ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ ഉപഭോക്താക്കളുടെ മൊബൈൽ ഇന്റർനെറ്റ് പാക്കേജുകളിൽ നിന്ന് ഡാറ്റ കുറയ്ക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് പശ്ചാത്തലത്തിൽ പൊതുസമൂഹത്തിന് നേരിടേണ്ടിവരുന്ന വിവിധ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകുന്ന വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസിനായി ‘Tarassud’ ആപ്പിലൂടെ റജിസ്‌ട്രേഷൻ പൂർത്തിയാക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.