രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 21, ഞായറാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നവംബർ 19-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്. ഒമാൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, ഒമാൻ ഭരണാധികാരിയുടെ പ്രത്യേക പ്രതിനിധിയുമായ H.H. സയ്യിദ് ആസാദ് ബിൻ താരിഖ് അൽ സൈദ് ഈ ആഘോഷപരിപാടികളിൽ പങ്കെടുക്കുമെന്നും ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചിട്ടുണ്ട്.
എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രത്യേക ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന ഒമാൻ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കുമെന്നും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
എക്സ്പോ 2020 ദുബായിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് ഒമാൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തുകളിലൊന്നായ കുന്തിരിക്കം മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന രീതിയിലാണ് ഈ പവലിയൻ രൂപകല്പന ചെയ്തിരിക്കുന്നത്.
ഒമാന്റെ പ്രകൃതി സമ്പത്തിലും, സാംസ്‌കാരിക പൈതൃകത്തിലും ഊന്നിയാണ് ഈ പവലിയനിലെ കാഴ്ച്ചകളും, അനുഭവങ്ങളും ഒരുക്കിയിരിക്കുന്നത്. ഒമാന്റെ ചരിത്രവും രാജ്യത്തിന്റെ നാഗരികവും മാനുഷികവുമായ നേട്ടങ്ങളും അതിന്റെ ഭാവി അഭിലാഷങ്ങളും സന്ദർശകർക്കായി ഈ പവലിയൻ വെളിപ്പെടുത്തുന്നു.
അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 18, വ്യാഴാഴ്ച്ച ഒമാനിൽ ഗംഭീരമായ വെടിക്കെട്ട്, മിലിറ്ററി പരേഡ് എന്നിവ അരങ്ങേറിയിരുന്നു.