ഒമാനിൽ പൊതു ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെയും, സുപ്രീം കമ്മിറ്റിയുടെ വിവിധ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെയും റോയൽ ഒമാൻ പോലീസ് നടപടിയാരംഭിച്ചു. സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി റോയൽ ഒമാൻ പൊലീസിനോട് പരിശോധനകൾ ശക്തമാക്കാൻ അധികൃതർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങളുടെ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവരെ പൊലീസിന്, നേരിട്ട് പിഴ ചുമത്തുകയോ, കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനോ ഉള്ള അധികാരം ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരം നിയമ ലംഘകർക്കെതിരെ പോലീസ് അധികൃതർ നിയമനടപടികൾ ശക്തമാക്കിയിട്ടുള്ളത്. ഇന്നലെ മുതൽ മാസ്കുകൾ ധരിക്കാതെ പൊതുഇടങ്ങളിലേക്കിറങ്ങിയ, കാൽനടക്കാരുൾപ്പടെ, നിരവധി പേർക്കെതിരെ പോലീസ് പിഴചുമത്തിയിട്ടുണ്ട്. പൊതുഇടങ്ങൾ, വാണിജ്യ ഇടങ്ങൾ, നിർമ്മാണ മേഖലകൾ മുതലായ ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കാത്തവർക്ക് 20 ഒമാനി റിയാലാണ് പിഴയായി ഈടാക്കുന്നത്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാനിൽ തുറന്ന് പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി, ആവശ്യമെങ്കിൽ പൊതു സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു താമസയിടങ്ങൾ, എന്നിവയിൽ പ്രവേശിച്ച് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിഴ ഈടാക്കുന്നതിനു പുറമെ, ക്രിമിനൽ നടപടിക്രമമനുസരിച്ച് കൂടുതൽ നിയമനടപടികൾ കൈക്കൊള്ളുമെന്നും പോലീസ് അറിയിച്ചു.