രാജ്യത്തെ ശുദ്ധജല മത്സ്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് ഒമാൻ പോസ്റ്റ് നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിമായി സംയുക്തമായാണ് ഒമാൻ പോസ്റ്റ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.
2022 സെപ്റ്റംബർ 18-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്റ്റാമ്പുകൾക്ക് പുറമെ ഫാസ്റ്റ് ഡേ കവർ, പ്രത്യേക സീൽ എന്നിവയും ഇതിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.
“ഒമാനിൽ കണ്ട് വരുന്ന 23 ഇനം ശുദ്ധജല മത്സ്യങ്ങളിൽ ഉൾപ്പെടുന്ന നാല് മത്സ്യങ്ങളെയാണ് ഈ സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്.”, സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ കോളേജ് ഓഫ് അഗ്രികൾച്ചർ ആൻഡ് മാരിടൈം സയൻസസിലെ മാരിടൈം ആൻഡ് ഫിഷസ് സയൻസസ് വിഭാഗം തലവൻ ഡോ. സൗദ് ബിൻ മുസലം അൽ ജൂഫെയ്‌ലി വ്യക്തമാക്കി. 100, 200, 300, 400 ബൈസ വീതം മൂല്യങ്ങളുള്ളവയാണ് ഈ സ്റ്റാമ്പുകൾ.
ഹജർ മലനിരകളിലെയും, ദോഫാർ മലനിരകളിലെയും, രാജ്യത്തിന്റെ തെക്ക്പടിഞ്ഞാറൻ തീരമേഖലകളിലെയും ജലാശയങ്ങളിലും, ഡാമുകളിലും, ഗുഹകളിലും, താഴ്‌വരകളിലുമായാണ് ഇത്തരം മത്സ്യങ്ങളെ കണ്ടുവരുന്നത്.
Image Source: Oman News Agency.