2021-ലെ ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് ഒമാൻ പോസ്റ്റ് നാല് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാനിൽ എല്ലാ വർഷവും ഒക്ടോബർ 17-ന് വനിതാ ദിനമായി ആചരിച്ച് വരുന്നു.
ഒമാനി വനിതകളുടെ നാല് വ്യത്യസ്ത രീതിയിലുള്ള പരമ്പരാഗത വസ്‌ത്രധാരണരീതികൾ ഈ സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ സ്റ്റാമ്പുകൾ ഓപ്പറ ഗലേറിയയിലെ സ്റ്റാമ്പ്‌സ് ആൻഡ് കലക്റ്റിബിൾസ് ഷോപ്പിൽ ലഭ്യമാണ്.
ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോ 2020 വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഒമാനി, സുരി, ധഫാരി, ബലൂഷി രീതിയിലുള്ള പരമ്പരാഗത വസ്‌ത്രധാരണരീതികളാണ് ഈ സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഒമാനി ഡിസൈനർ നോറ കരീമാണ് ഈ സ്റ്റാമ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വസ്ത്രങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.
രാജ്യത്തെ വിവിധ മേഖലകളിലെ പരമ്പരാഗത സമ്പ്രദായത്തിലുള്ള ഒമാനി വനിതകളുടെ വസ്‌ത്രധാരണരീതികൾ ഒമാൻ സമൂഹത്തിന്റെ കുലീനത, പ്രാമാണ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു.