രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകുന്ന ഫൈസർ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് 2021 ജൂൺ വരെ നീട്ടിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആദ്യ ഡോസ് ഫൈസർ വാക്സിൻ കുത്തിവെപ്പ് ലഭിച്ചവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ജൂൺ മാസം മുതലായിരിക്കും നൽകുക.
മെയ് 10-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകൾക്ക് മുൻപായി വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിക്കുന്നതിനായാണ് രണ്ടാം ഡോസ് കുത്തിവെപ്പ് ജൂൺ മാസം വരെ നീട്ടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിന്റെ നടപടിക്രമങ്ങൾ തയ്യാറാക്കി വരുന്നതായും, ഇതിന്റെ സമയക്രമം ഉടൻ തന്നെ അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ജൂൺ മാസം മുതൽ രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമായവർക്ക് വാക്സിൻ കുത്തിവെപ്പിന് മുൻഗണന നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പും, രണ്ടാം ഡോസ് കുത്തിവെപ്പും തമ്മിലുള്ള ഇടവേള നാല് മാസം വരെ നീട്ടാൻ തീരുമാനിച്ചതായി മെയ് 4-ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.