ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് 2026 ജനുവരി 1-ലേക്ക് നീട്ടി വെച്ചതായി ഒമാൻ അധികൃതർ അറിയിച്ചു. 2025 ഒക്ടോബർ 28-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
يُعلِن #جهاز_الضرائب عن تأجيل موعد الإلزام المحلي لتطبيق نظام العلامة المُميَّزة على السلع الانتقائية ضمن المرحلة الثالثة إلى 1 يناير 2026م.
— جهاز الضرائب (@omantax) October 28, 2025
إنَّ الامتثال لمُتطلَّبات تطبيق النظام وفق الخُطَّة الزَّمنية المُحدَّدة؛ يُجنِّبكم التبعات القانونية المُتَّخَذة في هذا الشأن.… pic.twitter.com/yDqw53IXZU
2025 നവംബർ 1 മുതൽ രാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാൻ തീരുമാനിച്ചതായാണ് നേരത്തെ ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ 2026 ജനുവരി 1-ലേക്ക് മാറ്റിയിരിക്കുന്നത്.
ഈ നിയമം നടപ്പിലാക്കുന്നതിന് സ്ഥാപനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2026 ജനുവരി 1-ന് ഈ തീരുമാനം നടപ്പിലാകുന്നതോടെ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ മറ്റു തിരഞ്ഞെടുത്ത പാനീയങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്ക് ഒമാൻ കർശന വിലക്കേർപ്പെടുത്തുന്നതാണ്.
ചില്ലറവിൽപ്പനക്കാർ, വിതരണക്കാർ എന്നിവർ 2026 ജനുവരി 1-ന് മുൻപായി ഇത്തരം ഉത്പന്നങ്ങളിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് തെളിയിക്കുന്ന മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പാനീയങ്ങളുടെ സുരക്ഷിതത്വം, ഗുണനിലവാരം എന്നിവ ഉറപ്പ് വരുത്തുന്നതിനും, ഇത്തരം ഉത്പന്നങ്ങൾ ഒമാൻ മുന്നോട്ട് വെക്കുന്ന ദേശീയ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നവയാണെന്ന് ഉറപ്പാക്കുന്നതിനും, സ്ഥിരീകരിക്കാത്ത ഉത്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു തീരുമാനം.
Cover Image: Image by Ernesto Rodriguez from Pixabay

