മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ച്ച: 4 പ്രവാസികളുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു; നാട് കടത്താൻ തീരുമാനം

GCC News

പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. ഡിസംബർ 24-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

പബ്ലിക് പ്രോസിക്യൂഷൻ വിവരങ്ങൾ പുറത്ത് വിട്ട 4 പേരും പ്രവാസികളാണ്. ഇവർ നാലു പേരും ബംഗ്ലാദേശി പൗരന്മാരാണ്. പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ച്ചകൾക്കാണ് ഇവർക്കെതിരെ നിയമനടപടികൾ കൈകൊണ്ടിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.

ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഡിസംബർ 16 മുതൽ ഡിസംബർ 24 വരെയുള്ള കാലയളവിലാണ് ഇവർക്ക് അൽ ദഖിലിയ, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ കോടതികൾ ശിക്ഷ വിധിച്ചത്. ഇവർക്ക് 3 മാസം വരെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിന് ശേഷം ഇവരെ നാട് കടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.