ഒമാൻ: വിദേശ തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി വിട്ടുകൊടുക്കുന്നത് കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

GCC News

ഒമാനിലെ പ്രവാസി തൊഴിലാളികളെ, മറ്റു തൊഴിലുടമകളുടെ കീഴിൽ ജോലിക്കായി വിട്ടുകൊടുക്കുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം പ്രവണതകൾ രാജ്യത്ത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ പബ്ലിക് പ്രോസിക്യൂഷൻ, ഇപ്രകാരമുള്ള നിയമലംഘനങ്ങൾ നടത്തുന്ന തൊഴിലുടമകൾക്ക് ഒരു മാസത്തെ തടവും, 1000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കാമെന്നും വ്യക്തമാക്കി. ഇത്തരത്തിൽ നിയമവിരുദ്ധമായി നൽകിയിട്ടുള്ള തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചുള്ള അത്രയും മടങ്ങ് ശിക്ഷ വർദ്ധിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുവാദമില്ലാതെ, പ്രവാസികൾ ഒമാനിൽ തൊഴിലെടുക്കുന്നതും ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. രാജ്യത്ത് തൊഴിലെടുക്കാൻ അനുമതി ലഭിച്ചിട്ടുള്ള പ്രവാസികൾ, അവർക്ക് അനുവാദം നൽകിയിട്ടുള്ള തൊഴിലുടമയ്ക്ക് കീഴിലല്ലാതെ, മറ്റൊരാളുടെ കീഴിൽ തൊഴിലെടുക്കുന്നതും ശിക്ഷാർഹമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മാസത്തെ തടവും, 800 റിയാൽ പിഴയും, ഒമാനിലേക്ക് തിരികെ പ്രവേശിക്കാനാകാത്ത വണ്ണം നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികളും നേരിടേണ്ടിവരുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.