ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കർശനമായ COVID-19 പ്രതിരോധ നിർദ്ദേശങ്ങളോടെയാണ് ഡിസംബർ 1 മുതൽ നാഷണൽ മ്യൂസിയം സന്ദർശകർക്കായി തുറന്നിട്ടുള്ളത്.
മ്യൂസിയത്തിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും നടപ്പിലാക്കിയതായി മ്യൂസിയം അധികൃതർ വ്യക്തമാക്കി.
സന്ദർശകരുടെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള തെർമൽ കാമറ സംവിധാനം, ഹാൻഡ് സാനിറ്റൈസറുകൾ, സമൂഹ അകലം ഉറപ്പാക്കാനുള്ള നടപടികൾ, സമ്പർക്കം ഒഴിവാക്കുന്നതിനായി ഡിജിറ്റൽ പണമിടപാടിനുള്ള സംവിധാനം തുടങ്ങിയ മുൻകരുതലുകൾ നടപ്പിലാക്കിയിട്ടുണ്ട്. മ്യൂസിയത്തിലെ വിവിധ ഇടങ്ങളിൽ പരിമിതമായ അളവിൽ മാത്രമാണ് സന്ദർശകരെ ഒരേ സമയം അനുവദിക്കുന്നത്.
നാഷണൽ മ്യൂസിയം പ്രവർത്തന സമയം:
- ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ – രാവിലെ 10.00 മുതൽ വൈകീട്ട് 5.00 വരെ.
- വെള്ളിയാഴ്ച്ച – ഉച്ചയ്ക്ക് 2.00 മുതൽ വൈകീട്ട് 6.00 വരെ.