സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും സൗദി അറേബ്യയും ഒപ്പ് വെച്ചു

GCC News

സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ ഒമാനും സൗദി അറേബ്യയും ഒപ്പ് വെച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 ജനുവരി 12-ന് സൗദി അറേബ്യയിലെ മദീനയിൽ വെച്ചാണ് ഒമാൻ ധനകാര്യ വകുപ്പ് മന്ത്രി H.E. സുൽത്താൻ ബിൻ സേലം അൽ ഹബ്സി, സൗദി ധനവകുപ്പ് മന്ത്രി H.E. മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദാൻ എന്നിവർ ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

സാമ്പത്തിക നയങ്ങളുടെ രൂപീകരണം, സാമ്പത്തിക മേഖലയിലെ വൈദഗ്ധ്യം പരസ്പരം പങ്ക് വെക്കൽ, ആഗോള, പ്രാദേശിക സാമ്പത്തിക പ്രശ്നങ്ങളിൽ ഒത്ത് ചേർന്നുള്ള പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് ഈ ധാരണാപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഇതിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംവിധാനങ്ങൾ, നിയമവ്യവസ്ഥ, പൊതുമേഖലയിലെ ഭരണനിർവഹണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നു.