രാജ്യത്തെ പ്രവാസികൾക്ക് കുടുംബാംഗങ്ങളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിനുള്ള ഫാമിലി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ വേതനപരിധി പ്രതിമാസം 150 റിയാലാക്കാൻ തീരുമാനിച്ചതായി സൂചന. റോയൽ ഒമാൻ പൊലീസിലെ സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ വേതനം നേരത്തെയുണ്ടായിരുന്ന പ്രതിമാസം 350 റിയാൽ എന്നതിൽ നിന്ന് 150 റിയാലാക്കി കുറയ്ക്കാൻ തീരുമാനിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിമാസം 150 റിയാൽ ശമ്പളമുള്ള പ്രവാസികൾക്ക് ആശ്രിതവിസയ്ക്കായി അപേക്ഷിക്കാനാകുമെന്നാണ് റോയൽ ഒമാൻ പൊലീസിലെ സ്രോതസുകൾ സൂചിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഇതുവരെ ലഭ്യമായിട്ടില്ല.