ചടങ്ങുകൾ നടത്തുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ അമ്പത് ശതമാനം ശേഷിയിൽ പ്രത്യേക ഹാളുകളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് കൊണ്ട് ഇത്തരം ഹാളുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാത്രമാണ് സുപ്രീം കമ്മിറ്റിയുടെ വിലക്കുകൾ ബാധകമാക്കാത്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
“അമ്പത് ശതമാനം ശേഷിയിൽ പരിപാടികൾ നടത്തുന്നതിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഹാളുകളിൽ, കൃത്യമായ മുൻകരുതൽ നടപടികൾ പാലിച്ച് കൊണ്ട് നടത്തുന്ന ചടങ്ങുകൾക്ക് ഈ വിലക്ക് ബാധകമല്ല.”, സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഡിസംബർ 15-ന് രാത്രിയാണ് ഒമാൻ അധികൃതർ ഇക്കാര്യം സംബന്ധിച്ച് വ്യക്തത നൽകിയത്.
രാജ്യത്തെ പള്ളികളിലും, പൊതു ഇടങ്ങളിലും, ഹാളുകളിലും വിവാഹാഘോഷം, ശവസംസ്കാരം, മറ്റു ചടങ്ങുകൾ എന്നിവ നടത്തുന്നതിന് ഒമാൻ സുപ്രീം കമ്മിറ്റി ഡിസംബർ 15-ന് വിലക്കേർപ്പെടുത്തിക്കൊണ്ട് ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഹാളുകളിൽ വെച്ച്, അത്തരം വേദികളുടെ അമ്പത് ശതമാനം ശേഷിയിൽ, COVID-19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തുന്ന ചടങ്ങുകൾ, പരിപാടികൾ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമാക്കിയിട്ടില്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തത നൽകിയത്.
ഇത്തരം പ്രത്യേക ഹാളുകളിൽ വെച്ച് നടത്തുന്ന ചടങ്ങുകളിൽ താഴെ പറയുന്ന COVID-19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്:
- പങ്കെടുക്കുന്ന മുഴുവൻ പേരും COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവരായിരിക്കണം.
- ഇത്തരം വേദികളിൽ സമൂഹ അകലം ഉറപ്പ് വരുത്തേണ്ടതാണ്.
- പങ്കെടുക്കുന്ന മുഴുവൻ പേരും മൂക്ക്, വായ എന്നിവ മൂടുന്ന രീതിയിൽ കൃത്യമായി മാസ്കുകൾ ധരിക്കേണ്ടതാണ്.
രാജ്യത്തെ പള്ളികളിലും, പൊതു ഇടങ്ങളിലും, ഹാളുകളിലും വിവാഹാഘോഷം, ശവസംസ്കാരം, മറ്റു ചടങ്ങുകൾ എന്നിവ നടത്തുന്നതിന് ഡിസംബർ 15-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തിയത്. ഒമാനിൽ 12 പേർക്ക് COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം സംശയിക്കുന്നതായി ഡിസംബർ 14-ന് ഒമാൻ ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്മദ് അൽ സൈദി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.
ഒമാനിൽ പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വാക്സിനേഷൻ നിബന്ധനകൾ, മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, വേദികളുടെ ശേഷിയുടെ അമ്പത് ശതമാനം പ്രവേശനം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങളിൽ പൊതുജനങ്ങൾ വീഴ്ച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനമെന്ന് കമ്മിറ്റി വ്യക്തമാക്കി. എന്നാൽ ഇത്തരം മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് നടത്തുന്ന ചടങ്ങുകൾക്ക് ഈ വിലക്ക് ബാധകമല്ലെന്ന് പിന്നീട് സുപ്രീം കമ്മിറ്റി വ്യക്തത നൽകുകയായിരുന്നു.