രാജ്യത്തെ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ഒമാൻ സുപ്രീം കമ്മിറ്റി 2022 ജനുവരി 21-ന് രാത്രി നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒമാനിൽ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം പള്ളികളിൽ വെച്ചുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
എന്നാൽ അമ്പത് ശതമാനം വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് ദിനവും അഞ്ച് നേരമുള്ള പ്രാർത്ഥനകൾ പള്ളികളിൽ തുടരുന്നതാണ്. ആരോഗ്യ മന്ത്രാലയവും, മറ്റു അധികൃതരും നൽകുന്ന COVID-19 മുൻകരുതൽ നിയമങ്ങൾക്ക് വിധേയമായാണ് പള്ളികളിലേക്ക് വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇതിന് പുറമെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാനും, ഭക്ഷണശാലകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കാനും ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇതോടൊപ്പം ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള എല്ലാ സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മറ്റു പരിപാടികൾ എന്നിവ മാറ്റിവെക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.