ആദായ നികുതി സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ഒമാൻ ടാക്സ് അതോറിറ്റി നിഷേധിച്ചു

Oman

2022 മുതൽ രാജ്യത്തെ വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ഒമാൻ ടാക്സ് അതോറിറ്റി നിഷേധിച്ചു. ഒമാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഉയർന്ന വരുമാനമുള്ള വ്യക്തികൾക്ക് 2022 മുതൽ ഒമാൻ ടാക്സ് അതോറിറ്റി ആദായ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള രീതിയിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും, ഇത്തരത്തിൽ ഔദ്യോഗികമായുള്ള തീരുമാനങ്ങളോ, അറിയിപ്പുകളോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ടാക്സ് അതോറിറ്റി വ്യക്തമാക്കി.

എന്നാൽ വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് അധികൃതർ പഠനങ്ങൾ നടത്തി വരുന്നുണ്ടെന്ന് ടാക്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പിന്തുടരാൻ ജനങ്ങളോട് ഒമാൻ ടാക്സ് അതോറിറ്റി നിർദ്ദേശിച്ചു.