ഒമാനിലെ രാത്രികാല നിയന്ത്രണം: വൈകീട്ട് 7 മുതൽ പുലർച്ചെ 4 മണിവരെ ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യാൻ അനുമതി

Oman

രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ കാലയളവിൽ റെസ്റ്ററന്റുകൾ, കഫെ, വഴിയോര ഭക്ഷണ വില്പനശാലകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കാൻ അനുമതി നൽകിയതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ദിനവും വൈകീട്ട് 7 മുതൽ പുലർച്ചെ 4 മണിവരെയാണ് ഇപ്രകാരം ഭക്ഷണം വിതരണം ചെയ്യാൻ അനുമതി നൽകിയിട്ടുള്ളത്.

മെയ് 7-ന് രാത്രിയാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും ഈ അനുമതി നൽകിയിട്ടുണ്ടെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.

ഭക്ഷണശാലകൾക്ക് ഭക്ഷണ വിതരണത്തിനായി പ്രത്യേക പെർമിറ്റുകൾ അനുവദിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇത്തരം പെർമിറ്റുകൾക്കായി അതാത് മുനിസിപ്പാലിറ്റികളിൽ അപേക്ഷ സമർപ്പിക്കാനാണ് അധികൃതർ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ മസ്കറ്റ്, ദോഫാർ എന്നിവിടങ്ങളിൽ ഭക്ഷണ വിതരണത്തിനായി ഇത്തരം പുതിയ പെർമിറ്റുകൾ അനുവദിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മസ്കറ്റ്, ദോഫാർ എന്നീ ഗവർണറേറ്റുകളിലെ മുഴുവൻ വിലായത്തുകളിലും ഭക്ഷണമെത്തിക്കുന്നതിനായി നിലവിൽ ഭക്ഷണ വിതരണ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് എന്നതിനാലാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.