രാജ്യത്തെ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ഇവ തിരിച്ചടയ്ക്കുന്നതിന് 2021 സെപ്റ്റംബർ വരെ സാവകാശം അനുവദിക്കാൻ ഒമാൻ സർക്കാർ തീരുമാനിച്ചു. 2021 മാർച്ച് 9-ന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് ഈ തീരുമാനം.
COVID-19 വ്യാപന പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ ഉടലെടുത്ത സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുത്താണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ മഹാമാരി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വായ്പാ തിരിച്ചടവിന് കൂടുതൽ സാവകാശം ലഭിക്കുന്നതാണ്.
രാജ്യത്തെ വിവിധ മേഖലകളിൽ ഉടലെടുത്തിട്ടുള്ള സാമ്പത്തിക പ്രതിസന്ധികൾ മറികടക്കുന്നതിനായുള്ള വിവിധ നടപടികൾ ഈ തീരുമാനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എളുപ്പത്തിൽ ബാങ്ക് ലോണുകൾ ലഭിക്കുന്നതിന് സഹായിക്കുന്ന തീരുമാനങ്ങളും ഈ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ഉത്തരവിന്റെ ഭാഗമായി ലോൺ തിരിച്ചടവുകൾ സംബന്ധിച്ച തീയ്യതികൾ പുനഃക്രമീകരിക്കുന്ന നടപടികൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മറ്റു ബാങ്കുകളുമായി ചേർന്ന് നടപ്പിലാക്കുന്നതാണ്. വരുമാനത്തിനനുസരിച്ച് തിരിച്ചടവ് തുക ക്രമീകരിക്കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്കും, വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയവർക്കും ഈ തീരുമാനം സഹായകമാകുന്നതാണ്.