ഒമാൻ: സ്വകാര്യ മേഖലയിലെ ഏതാനം സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് അനുവദിക്കും

featured GCC News

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് അനുവദിക്കാൻ ഒമാൻ സർക്കാർ തീരുമാനിച്ചു. പുതിയ പെർമിറ്റുകൾ എടുക്കുന്നതിനും, നിലവിലെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും ഈ ഇളവുകൾ അനുവദിക്കുന്നതാണ്.

മാർച്ച് 9-ന് ഒമാൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് ഈ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്നതിനനുസരിച്ച്, സ്വകാര്യ സ്ഥാപനങ്ങൾക്ക് സാങ്കേതിക പദവികളിലും, പ്രത്യേക പ്രവർത്തിപരിചയം ആവശ്യമായ പദവികളിലേക്കുമായി തിരഞ്ഞെടുക്കുന്ന പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ ഇളവ് ലഭിക്കുന്നതാണ്.

വർക്ക് പെർമിറ്റ് ഫീ ഇനത്തിൽ സ്വകാര്യ കമ്പനികൾക്ക് താഴെ പറയുന്ന ഇളവുകളാണ് അനുവദിക്കുന്നത്:

  • സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള സ്വദേശിവത്കരണ നിരക്കിൽ ഒമാൻ പൗരന്മാരെ ജീവനക്കാരായി എടുക്കുന്ന നടപടികൾ പൂർത്തിയാക്കിയ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിനത്തിൽ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ്.
  • തങ്ങളുടെ സ്ഥാപനങ്ങളിൽ ഒമാൻ പൗരന്മാരെ ജീവനക്കാരായി എടുത്തിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിനത്തിൽ 25 ശതമാനം ഇളവ് അനുവദിക്കുന്നതാണ്.