ഖത്തർ: ദേശീയോദ്യാനങ്ങൾ, ഹരിതയിടങ്ങൾ, പുൽമൈതാനങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്ക്

featured GCC News

രാജ്യത്തെ ദേശീയോദ്യാനങ്ങൾ, ഹരിതയിടങ്ങൾ, പുൽമൈതാനങ്ങൾ, നാണ്യവിളത്തോട്ടങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഖത്തർ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. 2023 ജനുവരി 25-ന് രാത്രിയാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തറിലെ ഇത്തരം ഇടങ്ങൾ സന്ദർശിക്കുന്നവർ ഇക്കാര്യം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ടാർ റോഡുകളിലൂടെ മാത്രം വാഹനങ്ങൾ ഓടിക്കാനും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണം മുൻനിർത്തി ഇത്തരം ഇടങ്ങളിലെ പുൽമൈതാനങ്ങളിലേക്കും, സസ്യജാലങ്ങൾ വളർന്ന് നിൽക്കുന്ന ഇടങ്ങളിലേക്കും വാഹനങ്ങൾ, യന്ത്രോപകരണങ്ങൾ മുതലായവ ഇറക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഖത്തറിലെ ‘1995/ 32’ എന്ന നിയമപ്രകാരം ഇത്തരം ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

Cover Image: Qatar News Agency.