അബുദാബി: ഈദുൽ ഫിത്ർ വേളയിലെ പ്രാർത്ഥനകൾ, സാമൂഹിക ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ

featured GCC News

എമിറേറ്റിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിലെ പ്രാർത്ഥനകൾ, സാമൂഹിക ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി. 2022 ഏപ്രിൽ 29-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഈ അറിയിപ്പ് നൽകിയത്.

അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് കെയർ സെന്റർ എന്നിവർ സംയുക്തമായാണ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

അബുദാബിയിലെ ഈദുൽ ഫിത്ർ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ:

  • അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ പൊതു ഈദ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾ പൊതു ഈദ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായായവർ തുടങ്ങിയ വിഭാഗങ്ങൾ പൊതു ഈദ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • പള്ളികളിലെത്തുന്നവർ ദേഹശുദ്ധി വരുത്തുന്ന നടപടികൾ തങ്ങളുടെ വീടുകളിൽ നിന്ന് നിർവഹിക്കേണ്ടതാണ്.
  • പള്ളികളിലെ പ്രാർത്ഥനകൾക്ക് മുൻപും, ശേഷവും കൈകൾ അണുവിമുക്തമാക്കേണ്ടതാണ്.
  • പള്ളികളിൽ വിശ്വാസികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതാണ്.
  • പള്ളികളിലെത്തുന്നവർ മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
  • പ്രാർത്ഥനകൾക്കെത്തുന്നവർ നിസ്കാര പായകൾ കൈവശം കരുതേണ്ടതാണ്.

അബുദാബിയിലെ ഈദുൽ ഫിത്ർ വേളയിലെ സാമൂഹിക ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ:

  • ആൾക്കൂട്ടം ഒഴിവാക്കേണ്ടതാണ്.
  • ഹസ്തദാനം, ആലിംഗനം തുടങ്ങിയ അഭിവാദനരീതികൾ ഒഴിവാക്കേണ്ടതാണ്.
  • വലിയ രീതിയിൽ ആളുകൾ ഒത്ത് ചേരാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • ഈദ് ആഘോഷങ്ങളിലെ പങ്കാളിത്തം ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ മാത്രമാക്കി നിയന്ത്രിക്കേണ്ടതാണ്.
  • ഈദ് വേളയിൽ പാരിതോഷികങ്ങൾ നൽകുന്നതിനായി കറൻസി നോട്ടുകൾ, നാണയങ്ങൾ എന്നിവ കഴിയുന്നതും ഒഴിവാക്കേണ്ടതും ഇതിനായി ഇലക്ട്രോണിക് സേവനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുമാണ്.
  • പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾ മറ്റുള്ളവരുമായി സമ്പർക്കത്തിനിടയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
  • മാസ്കുകളുടെ ഉപയോഗം, ചുരുങ്ങിയത് ഒരു മീറ്റർ സാമൂഹിക അകലം എന്നിവ ഉറപ്പാക്കേണ്ടതാണ്. എളുപ്പത്തിൽ രോഗബാധയേൽക്കുന്നതിന് സാധ്യതയുള്ളവരുമായി ഇടപഴകുന്ന അവസരത്തിൽ ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്.

രാജ്യത്തെ ഈദ് പ്രാർത്ഥനകൾ, ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ഈദുൽ ഫിത്ർ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.