അബുദാബിയിലെ ജലാശയത്തിൽ പുതിയ ഈഗിൾ റേ സ്പീഷീസിനെ കണ്ടെത്തിയതായി എൻവിറോണ്മെന്റ് ഏജൻസി

UAE

എമിറേറ്റിലെ ജലാശയത്തിൽ പുതിയ ഈഗിൾ റേ ഇനത്തെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2016-ൽ നടത്തിയ ഫിഷറീസ് റിസോഴ്‌സ് അസസ്‌മെന്റിൽ (FRAS) അറേബ്യൻ ഗൾഫിൽ നിന്ന് ശേഖരിച്ച മാതൃകകളിൽ നിന്നാണ് ഈ പുതിയ ഈഗിൾ റേ സ്പീഷീസിനെ (Aetomylaeus wafickii) കണ്ടെത്തിയത്.

FRAS-ന്റെ ഭാഗമായി മറ്റു മത്സ്യങ്ങളുടെ സാമ്പിളുകൾക്കൊപ്പമാണ് ഇവയെ ശേഖരിച്ചത്. എന്നാൽ അന്ന് ഇവയെ കാഴ്ചയിൽ വളരെ സാമ്യമുള്ള ഇനമായ ബാൻഡഡ് ഈഗിൾ റേ (Aetomylaeus nichofii) ആയി പരിഗണിക്കുകയായിരുന്നു. എന്നാൽ സൂക്ഷ്മമായ പരിശോധനയ്ക്കും, ഇവയുടെ സൂക്ഷ്മമായ ഭൗതിക വിവരണം ഉയർത്തിക്കാട്ടുന്ന ഒരു ശാസ്ത്രീയ പ്രബന്ധം പ്രസിദ്ധീകരിച്ചതിനും ശേഷം ഇവയെ ഒരു പുതിയ സ്പീഷീസായി പ്രഖ്യാപിക്കുകയായിരുന്നു.

നീല-ബാൻഡഡ് ഈഗിൾ റേ (Aetomylaeus caeruleofasciatus), ബാൻഡഡ് ഈഗിൾ റേ (Aetomylaeus nichofii) മുതലായ സമാനമായ സ്പീഷീസുകളിൽ നിന്ന് ഇവയെ വേർതിരിച്ചറിയുന്നതിന് മുതുകിലെ പ്രതലത്തിലുള്ള കൂടുതൽ ഇളം നീല വരകൾ (8-10 ബാൻഡുകൾ), കൂടുതൽ ടൂത്ത് പ്ലേറ്റ് നിരകളുടെ സാന്നിദ്ധ്യം, ചെറിയ വാൽ എന്നിവ സഹായിക്കുന്നു. ഈ പുതിയ ഈഗിൾ റേ സ്പീഷീസിന്റെ വിവരണങ്ങൾ 2022 ഫെബ്രുവരി 11-ന് മറൈൻ ബയോഡൈവേഴ്‌സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

WAM