സൗദി: മദീനയിലെ നുജൂദ് മെഡിക്കൽ സെന്റർ ഉദ്‌ഘാടനം ചെയ്തു

GCC News

മദീനയിൽ പ്രവർത്തനമാരംഭിച്ച പുതിയ ആശുപത്രിക്ക്, COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ജീവൻ ത്യജിച്ച ആരോഗ്യ പ്രവർത്തകയുടെ പേര് നൽകി സൗദി ആദരിച്ചു. ജൂലൈ 8-നു ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്ത ‘നുജൂദ് മെഡിക്കൽ സെന്റർ’ എന്ന കൊറോണ വൈറസ് ചികിത്സകൾക്കുള്ള ആശുപത്രി, COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ രോഗബാധയേറ്റ് മരണമടഞ്ഞ നഴ്‌സ് നുജൂദ് ഖലീൽ അൽ ഖൈബാരിയുടെയും, മറ്റു ആരോഗ്യ പ്രവർത്തകരുടെയും വിശിഷ്‌ടമായ സേവനങ്ങളുടെയും, ത്യാഗത്തിന്റെയും പ്രതീകമാകുകയാണ്.

മദീനയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്കിടെയാണ് 45 വയസ്സ് പ്രായമുള്ള നുജൂദിന് COVID-19 ബാധിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമാകുകയും, മരണം സംഭവിക്കുകയുമായിരുന്നു. പതിനഞ്ച് വർഷമായി ആരോഗ്യ രംഗത്തുള്ള നുജൂദിന്റെ മരണം, സൗദി സമൂഹത്തിൽ വലിയ ചലനമുണ്ടാക്കിയിരുന്നു.

മദീനയിലെ എമിർ, പ്രിൻസ് ഫൈസൽ ബിൻ സൽമാൻ ബുധനാഴ്ച്ച ഉദ്‌ഘാടനം നിർവഹിച്ച നുജൂദ് മെഡിക്കൽ സെന്ററിൽ, 100 രോഗികൾക്ക് ഒരേസമയം ചികിത്‌സകൾ നല്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. കൊറോണ വൈറസ് ചികിത്സകൾക്കായുള്ള എല്ലാ മെഡിക്കൽ സംവിധാനങ്ങളുമുള്ള ഈ ആശുപത്രിയുടെ നിർമ്മാണം, 59 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്. COVID-19 രോഗികൾക്കുള്ള ചികിത്സകൾക്കായാണ് ഈ ആശുപത്രി പൂർണമായും ഉപയോഗിക്കുക.

“രോഗികളുടെ പരിചരണത്തിനിടയിൽ മരണമടഞ്ഞ നുജൂദ് അൽ ഖൈബാരിയുടെയും, മറ്റു ആരോഗ്യ പ്രവർത്തകരുടെയും സേവനകൾക്കുള്ള ആദരമായാണ് ഈ ആശുപത്രിക്ക് നുജൂദ് മെഡിക്കൽ സെന്റർ എന്ന് പേരിടാൻ തീരുമാനിച്ചത്.”, സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ട്വിറ്ററിൽ കുറിച്ചു.