ഖത്തർ: ലുസൈൽ ട്രാം സേവനങ്ങൾ വിപുലീകരിക്കുന്നു; ഏപ്രിൽ 8 മുതൽ പിങ്ക്, ഓറഞ്ച് ലൈനുകൾ പ്രവർത്തിപ്പിക്കും

GCC News

2024 ഏപ്രിൽ 8 മുതൽ ലുസൈൽ ട്രാം സേവനങ്ങൾ വിപുലീകരിക്കുന്നതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. 2024 ഏപ്രിൽ 6-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഏപ്രിൽ 8 മുതൽ ലുസൈൽ ട്രാമിലെ പിങ്ക്, ഓറഞ്ച് ലൈനുകൾ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓറഞ്ച് ലൈനിലെ മുഴുവൻ സ്റ്റേഷനുകളും, പിങ്ക് ലൈനിൽ ഒരു സ്റ്റേഷൻ ഒഴികെയുളളവയും ഏപ്രിൽ 8 മുതൽ പ്രവർത്തനമാരംഭിക്കുന്നതാണ്.

നൈഫ, ഫോക്സ് ഹിൽസ് സൗത്ത്, ഡൗൺടൗൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽസ് നോർത്ത്, ക്രെസെന്റ് പാർക്ക് നോർത്ത്, റൗദത്ത് ലുസൈൽ, ഏർഖിയ, ലുസൈൽ സ്റ്റേഡിയം, അൽ യാസ്മീൻ എന്നീ പത്ത് സ്റ്റേഷനുകളാണ് ഓറഞ്ച് ലൈനിൽ സേവനങ്ങൾ നൽകുന്നത്. പിങ്ക് ലൈനിൽ അൽ സാദ് പ്ലാസ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളും ഏപ്രിൽ 8 മുതൽ പ്രവർത്തിക്കുന്നതാണ്.

പിങ്ക്, ഓറഞ്ച് ലൈനുകൾ പ്രവർത്തനക്ഷമമാകുന്നതോടെ പൊതുജനങ്ങൾക്ക് അൽ സീഫ്, ക്രെസെന്റ് പാർക്ക്, ലുസൈൽ ബുലവാർഡ്, അൽ മഹാ ഐലൻഡ് തുടങ്ങിയ ലുസൈലിലെ വിവിധ ഇടങ്ങളിലേക്ക് നേരിട്ട് ട്രാം ഉപയോഗിച്ച് കൊണ്ട് യാത്രചെയ്യുന്നതിന് സാധിക്കുന്നതാണ്. ഇതോടെ ട്രാം യാത്രികർക്ക് ലെഗ്താഫിയ സ്റ്റേഷനിൽ നിന്ന് മെട്രോ സേവനങ്ങൾ ഉപയോഗിക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.