ഖത്തർ: ബൂസ്റ്റർ ഡോസ് സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടിയുമായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകിവരുന്ന ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഖത്തർ ആരോഗ്യ മന്ത്രാലയം മറുപടി നൽകി. ഒക്ടോബർ 21-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.

ഖത്തറിൽ ഉയർന്ന രോഗസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾക്കാണ് നിലവിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന്റെ ആവശ്യകത എന്താണ്?

ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവരുടെ രോഗപ്രതിരോധ ശേഷി എട്ട് മാസത്തിന് ശേഷം കുറയാൻ സാധ്യതയുള്ളതായാണ് അന്താരാഷ്ട്ര പഠനങ്ങൾ തെളിയിക്കുന്നത്. ഈ കുറവ് കണക്കിലെടുത്താണ് ബൂസ്റ്റർ കുത്തിവെപ്പുകൾ നൽകുന്നത്.

പൊതുജനങ്ങളിൽ ദീർഘ നാളത്തേക്കുള്ള രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് ബൂസ്റ്റർ ഡോസുകൾക്ക് പ്രാധാന്യമുണ്ട്.

COVID-19 ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് നടപടിക്രമങ്ങൾ എന്താണ്?

ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (PHCC) നിന്ന് മുൻ‌കൂർ ബുക്കിങ്ങിനായി നേരിട്ട് ബന്ധപ്പെടുന്നതാണ്. ഇത്തരത്തിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എത്രയും വേഗത്തിൽ ബൂസ്റ്റർ കുത്തിവെപ്പെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ബൂസ്റ്റർ ഉൾപ്പടെ എല്ലാ വാക്സിൻ കുത്തിവെപ്പുകൾക്കും മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്.

ബൂസ്റ്റർ ഡോസിന് അർഹതയുള്ള വിഭാഗങ്ങൾ:

COVID-19 രോഗസാധ്യത കൂടുതലുള്ള താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് നിലവിൽ ഖത്തറിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്:

  • അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ.
  • രോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ളവർ.
  • വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ.
  • ആരോഗ്യ മേഖലയിലെ മുൻനിര പ്രവർത്തകർ.

ഈ വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് വാക്സിനെടുത്ത് എട്ട് മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്.