ഒമാൻ: അസ്ഥിര കാലാവസ്ഥ; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു

GCC News

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം 2024 മാർച്ച് 8-ന് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി പുറംതൊഴിലിടങ്ങളിലെ ജോലികൾ താത്കാലികമായി നിർത്തിവെക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തൊഴിൽ സംബന്ധമായ തീർത്തും അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും മാറ്റിവെക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയിരിക്കുന്നത്:

  • ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി പിന്തുടരേണ്ടതും, തൊഴിലാളികളെ അറിയിക്കേണ്ടതുമാണ്.
  • പുറംതൊഴിലിടങ്ങളിലെ ഉപകരണങ്ങൾ സുരക്ഷിതമാക്കി വെക്കേണ്ടതാണ്.
  • ക്രയിനുകൾ, മറ്റു ലിഫ്റ്റിങ് ഉപകരണങ്ങൾ എന്നിവ സുരക്ഷിതമാക്കേണ്ടതാണ്.
  • സുരക്ഷിതമായ ഇൻഡോർ ഇടങ്ങളിൽ തുടരാനും, താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും തൊഴിലാളികളോട് നിർദ്ദേശിക്കേണ്ടതാണ്.
  • അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും മാറ്റിവെക്കേണ്ടതാണ്.
  • കാലാവസ്ഥാ സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് വരെ എല്ലാ ഉദ്ഖനനപ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടതാണ്.
  • പുറം തൊഴിലിടങ്ങളിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കേണ്ടതാണ്.
  • രാസവസ്തുക്കൾ, മറ്റു അപകടകരമായ വസ്തുക്കൾ എന്നിവ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതും, സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സൂക്ഷിക്കേണ്ടതുമാണ്.
  • ഉയർന്ന ഇടങ്ങൾ, കെട്ടിടങ്ങളുടെ പണികൾക്കായി നിർമ്മിച്ചിട്ടുള്ള തട്ടുകൾ എന്നിവയിൽ തൊഴിലാളികൾ ഇല്ലാ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • താഴ്വരകൾ മുറിച്ച് കടക്കുന്നത് ഉൾപ്പടെയുള്ള അപകടകരമായ പ്രവർത്തികൾ ഒഴിവാക്കാൻ തൊഴിലാളികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8 മുതൽ മാർച്ച് 10 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നേരത്തെ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് തൊഴിൽ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയത്.