സൗദി അറേബ്യ: COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്നു; പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ക്യാബിനറ്റ് നിർദ്ദേശിച്ചു

GCC News

COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും, ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എത്രയും വേഗത്തിൽ സ്വീകരിക്കാനും സൗദി ക്യാബിനറ്റ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സൗദി ക്യാബിനറ്റ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്.

സൗദി രാജാവ് കിംഗ് സൽമാന്റെ നേതൃത്വത്തിൽ 2022 ജനുവരി 4-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ജനുവരി 4-ന് 2585 പേർക്കാണ് സൗദി അറേബ്യയിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ ക്യാബിനറ്റ് വിശകലനം ചെയ്തു. ആഗോളതലത്തിലെ സ്ഥിതിഗതികൾ, രാജ്യത്ത് COVID-19 വ്യാപനം ഉയരുന്ന സാഹചര്യം, നിലവിലെ മുൻകരുതൽ നടപടികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗം വിലയിരുത്തി. രോഗവ്യാപനം തടയുന്നതിനായി മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് തുടരേണ്ടതാണെന്ന് ക്യാബിനറ്റ് ചൂണ്ടിക്കാട്ടി.