ഈദ്: അബുദാബിയിൽ വാഹനപാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

featured GCC News

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട്, 2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 15 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. 2024 ഏപ്രിൽ 6-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടൊപ്പം, ITC-യുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, ഡാർബ് ടോൾ ഗേറ്റുകൾ, പൊതു ബസുകൾ എന്നിവയുടെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ പ്രവർത്തനസമയവും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതു പാർക്കിംഗ്:

ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 8, തിങ്കളാഴ്ച മുതൽ ഏപ്രിൽ 15, തിങ്കളാഴ്ച രാവിലെ 7:59 വരെ അബുദാബിയിൽ ഉപരിതല പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്. മുസഫ ഇൻഡസ്ട്രിയൽ മേഖലയിലെ M18 പാർക്കിംഗ് ഏരിയ ഈ കാലയളവിൽ സൗജന്യമാക്കിയതായും ITC അറിയിച്ചിട്ടുണ്ട്.

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും ITC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും ITC നിർദ്ദേശിച്ചിട്ടുണ്ട്.

ടോൾ:

2024 ഏപ്രിൽ 8, തിങ്കളാഴ്ച മുതൽ ഏപ്രിൽ 15 വരെ ഡാർബ് ടോൾ ഒഴിവാക്കുമെന്നും ITC അറിയിച്ചിട്ടുണ്ട്. 2024 ഏപ്രിൽ 15, തിങ്കളാഴ്ച മുതൽ (രാവിലെ 7 മുതൽ രാവിലെ 9 വരെയും, വൈകീട്ട് 5 മുതൽ 7 വരെയും) ടോൾ തിരികെ ഏർപ്പെടുത്തുന്നതാണ്.

ബസുകൾ:

പൊതുഗതാഗത്തിനുള്ള ബസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്ന് ITC അറിയിച്ചിട്ടുണ്ട്. യാത്രികരുടെ തിരക്ക് അനുസരിച്ച് ഈ കാലയളവിൽ കൂടുതൽ പ്രാദേശിക സർവീസ് നടത്തുന്ന ബസുകൾ അനുവദിക്കുമെന്നും ITC കൂട്ടിച്ചേർത്തു.

കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ:

ITC-യുടെ കീഴിലുള്ള കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ ഈദ് അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല. ITC-യുടെ എല്ലാ സേവനങ്ങളും https://www.itc.gov.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, Darb ആപ്പിലൂടെയോ നേടാവുന്നതാണ്.