ഒമാൻ: ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

GCC News

2021 ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിൽ 21-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തുന്ന വിലക്കുകൾ ഏപ്രിൽ 24-ന് വൈകീട്ട് 6 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്കുകൾ തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഈ രാജ്യങ്ങളിലെ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഒമാനിലേക്ക് പ്രവേശിക്കുന്ന തീയ്യതിക്ക് 14 ദിവസം മുൻപ് ഈ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിച്ചവർക്കും ഈ വിലക്ക് ബാധകമാണെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു. ഒമാൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.