സൗദി: പകര്‍ച്ചപ്പനി തടയാൻ മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

GCC News

രാജ്യത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിനായി മാസ്കുകൾ ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ജലദോഷപ്പനി തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കണ്ണ്, വായ എന്നിവ കൈകൊണ്ട് നേരിട്ട് തൊടുന്നത് ഒഴിവാക്കാനും, കൈകളുടെയും, പരിസരങ്ങളുടെയും ശുചിത്വം ഉറപ്പ് വരുത്താനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇൻഫ്ലുവെൻസ വാക്സിൻ കൃത്യമായി സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

തുമ്മുന്ന അവസരത്തിലും, ചുമയ്ക്കുന്ന അവസരത്തിലും ടിഷ്യു, അല്ലെങ്കിൽ തൂവാല ഉപയോഗിക്കാൻ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇൻഫ്ലുവെൻസ രോഗബാധിതരിൽ പനി, വിറയൽ, അമിതമായ വിയർപ്പ്, പേശികളിലെ വേദന, തലവേദന, തൊണ്ടവേദന, തുടർച്ചയായ ചുമ, മൂക്കൊലിപ്പ് മുതലായ ലക്ഷണങ്ങൾ പ്രകടമാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, രോഗപ്രതിരോധശേഷിക്കുറവ് ഉള്ളവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ഈ രോഗബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രാലയം വ്യക്തമാക്കി.