ഒമാൻ: ജൂലൈ 9 മുതൽ ഒമ്പത് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം

Oman

2021 ജൂലൈ 9 മുതൽ സിംഗപ്പൂർ ഉൾപ്പടെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 6-ന് രാത്രി ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഈ തീരുമാനപ്രകാരം, ജൂലൈ 9 മുതൽ സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ടുണീഷ്യ, ലിബിയ, അർജന്റീന, കൊളംബിയ, ബ്രൂണൈ എന്നിവിടങ്ങളിൽ നിന്നാണ് ഒമാനിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്. ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും വിലക്ക് ബാധകമാണ്.

ഇതിന് പുറമെ, ഈജിപ്തിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാനും, ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താനും ഇതേ യോഗത്തിൽ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

2021 ജൂലൈ 9 മുതൽ ധോഫർ, മുസന്ദം എന്നീ ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.