ഒമാൻ: 2023 ജനുവരി മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തും; നിയമംലംഘിക്കുന്നവർക്ക് പിഴ ചുമത്തും

featured GCC News

2023 ജനുവരി മുതൽ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. 2022 സെപ്റ്റംബർ 18-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ നിയമം ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്.

2021 ജനുവരി 1 മുതൽ ഒമാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിട്ടുണ്ട്. ഈ നടപടിയുടെ തുടർച്ചയെന്നോണമാണ് ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനം.

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകൾ നിരോധിച്ചത്.