ഒമാൻ: മഴക്കെടുതികൾ കണക്കിലെടുത്ത് സുർ വിലായത്തിൽ ജൂലൈ 20, 21 തീയതികളിൽ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ് അനുവദിക്കും

Oman

സുർ വിലായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയും, വെള്ളപ്പൊക്കവും കണക്കിലെടുത്ത്, ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. മഴക്കെടുതികൾ കണക്കിലെടുത്ത്, സുർ വിലായത്തിൽ മാത്രം സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ജൂലൈ 20, 21 തീയതികളിൽ പ്രത്യേക ഇളവ് അനുവദിക്കുന്നതിനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ജൂലൈ 20, 21 ദിവസങ്ങളിൽ സുർ വിലായത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ജൂലൈ 19-ന് രാത്രിയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

അവശ്യ സേവനങ്ങൾ നൽകുന്ന വാണിജ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതോടൊപ്പം, ഈ രണ്ട് ദിവസങ്ങളിൽ സുർ വിലായത്തിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്കും സുപ്രീം കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, ബേക്കറികൾ, റെസ്റ്ററന്റുകൾ, കെട്ടിടനിർമ്മാണ വസ്തുക്കളുടെ കടകൾ, ഇലെക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന വ്യാപാരശാലകൾ, കാലിത്തീറ്റയുടെ വില്പന മുതലായ പ്രവർത്തനങ്ങൾക്ക് സുപ്രീം കമ്മിറ്റി ഈ കാലയളവിൽ അനുമതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനം ദിനങ്ങളിൽ സുർ വിലായത്തിൽ കനത്ത മഴയും, വെള്ളപ്പൊക്കവും നാശം വിതച്ചിരുന്നു. ഇത് കണക്കിലെടുത്ത് അടിയന്തിര സേവനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ മുതലായവ നൽകുന്ന തൊഴിലാളികൾക്ക് പ്രവർത്തനാനുമതി നൽകുന്നതിനുള്ള നടപടികളും അധികൃതർ കൈക്കൊണ്ടിട്ടുണ്ട്.

അതേസമയം, സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് ഈദുൽ അദ്ഹ ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ ഒമാനിൽ ജൂലൈ 19-ന് വൈകീട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 2021 ജൂലൈ 20 മുതൽ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെയാണ് ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിട്ടുള്ളത്.