COVID-19 നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന ഭക്ഷണശാലകൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ വാണിജ്യ മന്ത്രാലയം

GCC News

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിയമങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്ന ഭക്ഷണശാലകൾക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ അറിയിച്ചു. രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകൾക്കും, ശീഷാ കേന്ദ്രങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

ഫെബ്രുവരി 14-നാണ് ഒമാൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി H.E. ഖൈസ് ബിൻ മുഹമ്മദ് അൽ-യൂസഫ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിലവിൽ രേഖപ്പെടുത്തുന്ന കൊറോണ വൈറസ് രോഗവ്യാപനത്തിലെ വർദ്ധനവ് കണക്കിലെടുത്താണ് ഈ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

സുപ്രീം കമ്മിറ്റിയുടെ നിലവിലെ തീരുമാനമനുസരിച്ച്, 2021 ഫെബ്രുവരി 12 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റെസ്റ്ററെന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകൾ, ശീഷാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ മറ്റു COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമാക്കാനും അധികൃതർ ആവശ്യപെട്ടിട്ടുണ്ട്. ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന ഭക്ഷണശാലകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഒരു മാസത്തേക്ക് അടച്ചിടേണ്ടി വരുമെന്നും, 1000 റിയാൽ പിഴ ചുമത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച 29/2021 എന്ന ഉത്തരവ് അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഇത്തരം ഭക്ഷണശാലകളിലും, ശീഷാ കേന്ദ്രങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുന്നതിനായി റോയൽ ഒമാൻ പോലീസിന്റെ സഹായവും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ ചുമത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന പിഴതുകകൾ രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.