2021 ഏപ്രിൽ 8, വ്യാഴാഴ്ച്ച 12 PM മുതൽ ഒമാൻ പൗരൻമാർ, റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഏപ്രിൽ 8 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 5-ന് വൈകീട്ട് ചേർന്ന യോഗത്തിന് ശേഷമാണ് സുപ്രീം കമ്മിറ്റി ഈ പുതിയ തീരുമാനങ്ങൾ അറിയിച്ചത്. രാജ്യത്ത് ദിനംപ്രതി ഉയർന്ന് വരുന്ന COVID-19 രോഗബാധിതരുടെ എണ്ണം കണക്കിലെടുത്താണ് റമദാൻ ആരംഭിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.
ഈ തീരുമാന പ്രകാരം, ഏപ്രിൽ 8-ന് 12 PM മുതൽ ഒമാൻ പൗരന്മാർ, റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതോടൊപ്പം ഒമാനിൽ നിന്നുള്ള അടിയന്തിര ആവശ്യങ്ങൾക്കൊഴികെയുള്ള എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി രാജ്യത്തെ പ്രവാസികളോടും, പൗരന്മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചും ഇതേ യോഗത്തിൽ സുപ്രീം കമ്മിറ്റി ഏതാനം പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏപ്രിൽ 8 മുതൽ റമദാൻ ആരംഭിക്കുന്നത് വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള രാത്രികാല നിയന്ത്രണങ്ങൾ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. റമദാൻ ഒന്ന് മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.