രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, പത്ത് രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി H.E. സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
സുഡാൻ, സൗത്ത് ആഫ്രിക്ക തുടങ്ങി എട്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കു പുറമെ ലെബനൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. 2021 ഫെബ്രുവരി 25, വ്യാഴാഴ്ച്ച മുതൽ 15 ദിവസത്തേക്കാണ് സുപ്രീം കമ്മിറ്റി ഈ വിലക്ക് ഏർപ്പെടുത്താൻ നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
2021 ഫെബ്രുവരി 25 മുതൽ 15 ദിവസത്തേക്ക് താഴെ പറയുന്ന രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് യാത്രാനുമതി നൽകുന്നതല്ല:
- Tanzania
- Sierra Leone
- Lebanon
- Ethiopia
- Ghana
- Nigeria
- South Africa
- Brazil
- Sudan
- Guinea
ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ട്രാൻസിറ്റ് യാത്രികർക്കും ഈ വിലക്ക് ബാധകമാണ്. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഇവർ മറ്റു രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ഈ വിലക്ക് ബാധകമാകുന്നതാണ്. വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ വ്യാപന ശേഷി കൂടിയ വകബേധത്തെ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
എന്നാൽ, ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ, ഒമാൻ പൗരന്മാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് ഈ വിലക്ക് ബാധകമല്ല.