ഒക്ടോബർ 11, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ, രാജ്യത്ത് രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒക്ടോബർ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക്, രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെയാണ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഒക്ടോബർ 10-നാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാത്രി 8 മുതൽ പുലർച്ചെ 5 വരെ പൊതു ഇടങ്ങളും, വാണിജ്യ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം. ഈ സമയത്ത് യാത്രകൾക്കും നിയന്ത്രണമുണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ മുഴുവൻ ജനങ്ങളോടും, പ്രത്യേകിച്ച് ചെറുപ്പക്കാരോട്, പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും കുടുംബ സംഗമങ്ങൾ, ഒത്തുചേരലുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കാനും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികളുണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി ഓർമ്മപ്പെടുത്തി. നിയമ ലംഘനങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് രോഗബാധയിൽ പ്രകടമാകുന്ന വർദ്ധനവിനെ തുടർന്നാണ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ കമ്മിറ്റി തീരുമാനിച്ചത്.