ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പുതിയ കരാർ സംവിധാനത്തിന് രൂപം നൽകുന്നതായി തൊഴിൽ മന്ത്രാലയം

featured GCC News

രാജ്യത്തെ പ്രവാസി തൊഴിലാളികളെ നിയമനവുമായി ബന്ധപ്പെട്ട് ഒരു പുതിയ കോൺട്രാക്ട് സംവിധാനം അടുത്ത് തന്നെ പ്രാവർത്തികമാക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രവാസി തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കുന്നതിന് ഈ സംവിധാനം സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഷെയ്ഖ് നാസർ അൽ ഹോസാനിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ വാർഷിക കോൺഫറൻസിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ പുതിയ കോൺട്രാക്ട് സംവിധാനം പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം സ്വീകരിച്ച് വരുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ പ്രവാസികളെ നിയമിക്കുന്നതിലൂടെ ചെലവുകൾ കുറയ്ക്കുന്നതിന് ഈ സംവിധാനം സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഏതാനം തിരഞ്ഞെടുത്ത തൊഴിൽ മേഖലകളിലായിരിക്കും ഇത്തരം ഒരു നിയമന സംവിധാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ഒരു ഓൺലൈൻ ഇലക്ട്രോണിക് അപേക്ഷാ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ പദ്ധതിയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ ഗാർഹിക ജീവനക്കാരെ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.