ഒമാനിൽ ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന ദേശീയ പരിശോധനാ സർവേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി ഇത്തരം ഒരു സർവേ നടത്തുന്നതിനുള്ള തീരുമാനം, ജൂലൈ 2-നു നടന്ന പത്രസമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. സൈഫ് അൽ അബ്‌രി അറിയിച്ചിരുന്നു. ജൂലൈ 5-നു ആരോഗ്യ മന്ത്രാലയം ഈ സർവേ സംബന്ധമായ കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനുമായി ചേർന്ന് നടത്തുന്ന ഈ സർവേ, ജൂലൈ 12 മുതൽ പത്ത് ആഴ്ച്ച നീണ്ടുനിൽക്കും. 4 ഘട്ടങ്ങളായി നടപ്പിലാക്കുന്ന ഈ സർവേയിൽ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും, വിലായത്തുകളിലും വിവിധ പ്രായത്തിൽപ്പെട്ടവരുടെ ഇടയിൽ ജനസംഖ്യാപരമായ വിവര ശേഖരണവും, രക്തസാമ്പിളുകളുടെ ശേഖരണവും നടപ്പിലാക്കും. ഒമാനിലെ പൗരന്മാരുടെ ഇടയിലും, നിവാസികളുടെ ഇടയിലും ഈ സർവേ നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ നൽകുന്ന, ഓരോ ഗവർണറേറ്റുമായി ബന്ധപ്പെട്ട ജനസംഖ്യാ വിവരങ്ങളിൽ നിന്ന്, ക്രമരഹിതമായി തിരഞ്ഞെടുക്കുന്നവരുടെ സാമ്പിളുകളാണ് സർവേയുടെ ഭാഗമായി ശേഖരിക്കുന്നത്.
ഒമാൻ ആരാഗ്യ മന്ത്രാലയത്തിന്റെ Tarassud+ എന്ന ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ, ജനസംഖ്യാപരമായ വിവരങ്ങൾ, രക്ത സാമ്പിളുകൾ, ആരോഗ്യ വിവരങ്ങൾ, സാമൂഹിക പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് ശേഖരിക്കുക. ഈ രക്തസാമ്പിളുകൾ ആന്റിബോഡി പരിശോധനകൾക്ക് വിധേയമാക്കുന്നതാണ്.
5 ദിവസം വീതം നീണ്ടു നിൽക്കുന്ന ഓരോ ഘട്ടങ്ങളിലും, 4000-ത്തിൽ പരം സാമ്പിളുകളാണ് പരിശോധനകൾക്കായി ശേഖരിക്കുന്നത്. ഓരോ ഘട്ടത്തിനും ശേഷം രണ്ടാഴ്ച്ച ഇടവേളയിട്ടാണ് സർവേ നടപ്പിലാക്കുക. ഓരോ ഗവർണറേറ്റിലും 300 മുതൽ 400 പേരുടെ വരെ സാമ്പിളുകൾ ശേഖരിക്കും. ഇത്തരത്തിൽ 10 ആഴ്ച്ചകളിലായി എല്ലാ ഗവർണറേറ്റുകളിൽ നിന്നും 20000-ത്തോളം പേരുടെ ഇടയിലാണ് സർവേ നടപ്പിലാക്കുന്നത്.
ഈ സർവേയിലൂടെ, രാജ്യത്തെ വിവിധ പ്രായ വിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനും, രാജ്യത്തെ COVID-19 രോഗത്തിന്റെ വ്യാപനത്തിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. രോഗബാധയുള്ളവരെ കണ്ടെത്തുന്നതിനും, രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗബാധിതരെ തിരിച്ചറിയുന്നതിനും, ഓരോ മേഖലയിലും ഏർപ്പെടുത്തേണ്ട ആരോഗ്യ സുരക്ഷാ തീരുമാനങ്ങളും, നിയന്ത്രണങ്ങളും കൂടുതൽ ഫലപ്രദമായി കൈകൊള്ളുന്നതിനും ഈ സർവേ ഫലങ്ങൾ സഹായകമാകുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.