രാജ്യത്തെ പാർട്ട് ടൈം തൊഴിൽ കരാറുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പാർട്ട് ടൈം തൊഴിലുകൾ സംബന്ധിച്ച നടപടികൾ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഇത് സംബന്ധിച്ച് മന്ത്രാലയം കൈക്കൊണ്ടിട്ടുള്ള പുതിയ തീരുമാന പ്രകാരം, രാജ്യത്തെ 15 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരന്മാർക്ക് മാത്രമാണ് ഇത്തരത്തിൽ പാർട്ട് ടൈം താത്കാലിക തൊഴിലാളികളായി തൊഴിലെടുക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ തൊഴിലെടുക്കുന്നവർ ശമ്പളം, പാർട്ട് ടൈം തൊഴിലെടുക്കുന്ന മണിക്കൂറുകൾ, മറ്റു നിബന്ധനകൾ മുതലായവ തൊഴിലുടമയുമായി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.
പാർട്ട് ടൈം തൊഴിലുകളുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ വേതനം, ഏറ്റവും കുറഞ്ഞ തൊഴിൽ മണിക്കൂറുകൾ മുതലായവ മന്ത്രാലയം നിശ്ചയിച്ചിരുന്ന രീതി പിൻവലിച്ചിട്ടുണ്ട്.