ഒമാൻ: സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

GCC News

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയും, വെബ്സൈറ്റുകളിലൂടെയും മാർക്കറ്റിംഗ് പ്രവർത്തനങ്ങളും, പ്രചാരണ പരിപാടികളും നടത്തുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. 2022 ഡിസംബർ 25-ന് രാത്രിയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ അടുത്ത ആറ് മാസത്തിനുള്ളിൽ ഇതിനുള്ള പ്രത്യേക ലൈസൻസ് നേടേണ്ടതാണ്. ചാരിറ്റബിൾ പ്രവർത്തനങ്ങൾ, വോളന്ററി പ്രവർത്തനങ്ങൾ മുതലായ ലാഭേച്ഛയില്ലാതെയുള്ള രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇത്തരം ലൈസൻസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതിന് പുറമെ സ്വന്തം സേവനങ്ങൾ, ഉത്പന്നങ്ങൾ എന്നിവയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന വ്യാപാരികൾക്ക്, മന്ത്രാലയം നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ലൈസൻസ് നേടുന്നവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അവസരത്തിൽ രാജ്യത്തെ നിയമങ്ങൾ, സാംസ്‌കാരിക പാരമ്പര്യം, മതവിശ്വാസങ്ങൾ എന്നിവ ബഹുമാനിക്കേണ്ടതും, വിദ്വേഷം വളർത്തുന്നതും, തെറ്റായതുമായ പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടതുമാണ്.

ഒമാന്റെ ദേശീയ സത്വത്തെ ബഹുമാനിച്ച് കൊണ്ട് മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കൂ എന്നും, വ്യക്തികളെയോ, സാമൂഹിക വിഭാഗങ്ങളെയോ അപമാനിക്കുന്നതോ, നിന്ദിക്കുന്നതോ ആയ രീതിയിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതും, ബൗദ്ധികസ്വത്തവകാശത്തെ ഹനിക്കുന്ന പ്രവർത്തികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുമാണെന്നും അധികൃതർ അറിയിച്ചു. പുകയില ഉത്പന്നങ്ങളുടെ ഇത്തരത്തിലുള്ള പ്രചാരണം അനുവദിക്കുന്നതല്ല.

Cover Image: Pixabay.