രാജ്യത്തെ സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് സൈദ് ബഒവൈൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മന്ത്രിതല ഉത്തരവ് അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
ഫെബ്രുവരി 14-നാണ് ഒമാൻ തൊഴിൽ വകുപ്പ് ഇക്കാര്യം അറിയിച്ചത്. വിവിധ മേഖലകളിൽ നിന്ന് പ്രവാസി ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെ ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാര്യനിര്‍വാഹക പദവികൾ, ഫിനാൻഷ്യൽ പദവികൾ, ഡിപ്പാർട്മെന്റ് ഹെഡ്, സ്റ്റുഡന്റ് അഫയേഴ്സ്, സ്റ്റുഡന്റ് സർവീസസ്, റെജിസ്ട്രേഷൻ മുതലായ തൊഴിലുകളിൽ ഇനി മുതൽ ഒമാൻ പൗരന്മാരെ മാത്രമായിരിക്കും നിയമിക്കുക എന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് നസ്ർ അമീർ അൽ ഹോസ്നി അറിയിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ, വിദ്യാർത്ഥികൾക്കുളള ഉപദേശക പദവികളിലും, സോഷ്യൽ കൗൺസിലിംഗ് പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്.
ഒമാനിലെ 28 സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് ലഭിക്കുന്ന വിവരം.