ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരുന്ന രാജ്യാതിർത്തികൾ ഡിസംബർ 29, ചൊവാഴ്ച്ച മുതൽ തുറക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഡിസംബർ 27-ന് വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച്ച മുതൽ ഒമാനിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒമാനിലേക്കുള്ള കര, കടൽ മാർഗ്ഗമുള്ള പ്രവേശന കവാടങ്ങൾ തുറന്നു നൽകുമെന്നും കമ്മിറ്റി വ്യക്തമാക്കി. ഈ തീരുമാന പ്രകാരം ഡിസംബർ 29, ചൊവ്വാഴ്ച്ച 12.00 am മുതൽ രാജ്യത്തേക്കുള്ള പ്രവേശന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതാണ്.
യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിസംബർ 22 മുതൽ ഒരാഴ്ച്ചത്തേക്ക് ഒമാനിലേക്കുള്ള വ്യോമയാന സേവനങ്ങളും, കര, കടൽ മാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗതവും നിർത്തിവെക്കാൻ തീരുമാനിച്ചത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം രാജ്യാതിർത്തികൾ തുറക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
മുഴുവൻ യാത്രികർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപ് COVID-19 PCR ടെസ്റ്റ് നിർബന്ധം
ഡിസംബർ 29 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്കുള്ള യാത്ര പുറപ്പെടുന്നതിനു മുൻപ് നടത്തിയ രോഗബാധയില്ലാ എന്ന് തെളിയിക്കുന്ന COVID-19 PCR റിസൾട്ട് നിർബന്ധമാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ആഗോളതലത്തിൽ മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും ഈ തീരുമാനം ബാധകമാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഏഴു ദിവസത്തിൽ താഴെയുള്ള കാലയളവിലെ സന്ദർശനങ്ങൾക്കായി ഒമാനിലെത്തുന്നവർക്കും ക്വാറന്റീൻ നിർബന്ധമാക്കിയതായും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇത്തരം ഹൃസ്വകാല സന്ദർശകർക്ക് നേരത്തെ ക്വാറന്റീൻ ഒഴിവാക്കിയിരുന്നെങ്കിലും, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഇത് തിരികെ ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ബാധകമാക്കിയിട്ടുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ:
കര, കടൽ, വിമാനത്താവളങ്ങൾ തുടങ്ങിയ എല്ലാ പ്രവേശനകവാടങ്ങളിലൂടെയും ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് സുപ്രീം കമ്മിറ്റി താഴെ പറയുന്ന യാത്രാ നിർദ്ദേശങ്ങൾ ബാധകമാക്കിയിട്ടുണ്ട്.
- ഒമാനിലെത്തുന്നതിന് മുൻപ് മുഴുവൻ യാത്രികരും ‘Tarassud+’ ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, രെജിസ്റ്റർ ചെയ്യേണ്ടതാണ്.
- മുഴുവൻ യാത്രികർക്കും ഒമാനിലേക്കുള്ള യാത്ര പുറപ്പെടുന്നതിനു മുൻപ് 72 മണിക്കൂറിനിടയിൽ നടത്തിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- യാത്രികർക്ക് COVID-19 ചികിത്സാ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
- ഒമാനിലെത്തിയ ശേഷം എയർപോർട്ടിൽ നിന്ന് COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- തുടർന്ന് യാത്രികർ കൈകളിൽ ട്രാക്കിങ്ങ് ഉപകരണം ധരിക്കേണ്ടതും, ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുമാണ്.
- എട്ടാം നാൾ മറ്റൊരു COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- ഒമാനിൽ പ്രവേശിച്ച ശേഷം ക്വാറന്റീനിൽ തുടരുന്ന കാലാവധി പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
മുഴുവൻ നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും, അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കാനും കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.