ഒമാൻ: കര, കടൽ, വ്യോമ അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി

featured Oman

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 ഓഗസ്റ്റ് 26-ന് ചേർന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് ഈ തീരുമാനം.

“രാജ്യത്തിന്റെ എല്ലാ കര, കടൽ, വ്യോമ അതിർത്തികളും അടുത്ത മാസം മുതൽ എല്ലാവർക്കുമായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് COVID-19 ടെസ്റ്റുകൾ നടത്തുന്നതുൾപ്പടെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് രാജ്യാതിർത്തികൾ തുറക്കുന്നത്.”, യോഗത്തിനു ശേഷം ROP പോലീസ് ആൻഡ് കസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് ഐജി മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹാർത്തി വ്യക്തമാക്കി.

2021 ജനുവരി 1-ന് ശേഷം പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള മുഴുവൻ വിസകളുടെയും കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചതായും മേജർ ജനറൽ അലി അൽ ഹാർത്തി ഇതേ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി ഇതേ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.